പതിവിലും നേരത്തെ തന്നെ ഞാന്‍ ബസ് സ്റ്റാന്റില്‍ എത്തി. ചുമ്മ കണ്ണോടിച്ചൊന്ന് നോക്കി, അവിടെങ്ങും ആരെയും തന്നെ കണ്ടില്ല. ഇന്നിനി വീട്ടിലേക്ക് പോയേക്കമെന്ന് തീരുമാനിച്ചു.
ഒരു രാത്രിയുടെ കൂലി കിട്ടി, അത് മതി. അടുത്ത ആളെ നോക്കി ഞാന്‍ നില്‍ക്കുന്നില്ല, വേഗം വീട്ടിലേക്ക് പോണം. ചെറിയ മഴ പെയ്യുന്നുണ്ട്. ഞാന്‍ അവിടെയുള്ള ഇരിപ്പിടത്തില്‍ പോയി ഇരുന്നു. അപ്പോള്‍ അതാ, എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. എന്റെ ശ്രദ്ധ മുഴുവന്‍ ആ കരച്ചിലില്‍ ആയിരുന്നു. ഞാന്‍ ആ ശബ്ദത്തിനു പുറകെ പോയി. കുറച്ച് അകലെ ഒരു പെണ്ണ് നില്‍ക്കുന്നു, അവളുടെ തോളില്‍ ഒരു കൈക്കുഞ്ഞും ഉണ്ട്. ഈ രാത്രിയില്‍ ആരാണ് ഈ ബസ് സ്റ്റാന്റില്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്നത്..? എന്റെ മനസില്‍ സംശയം നിഴലിച്ചു. ഞാന്‍ അവരുടെ അടുക്കലേക്ക് ചെന്നു ചോദിച്ചു.
‘എന്താ കുഞ്ഞ് കരയുന്നത്..? ‘
‘അവള്‍ക്ക് പനിയ ചേച്ചി..! ‘
ഞാന്‍ ആ കുഞ്ഞിന്റെ പുറത്തൊന്ന് തൊട്ടു നോക്കി. ഭയങ്കരമായ ചൂട് അനുഭവപെട്ടു.
‘ഒരുപാട് ചൂട് ഉണ്ടല്ലോ മോളേ.. കുഞ്ഞിന്..! ‘
മറുപടി പറയാതെ ആ പെണ്ണ് എങ്ങലടിച്ചു കരഞ്ഞു തുടങ്ങി. എനിക്ക് അത് കണ്ട് നിൽക്കാൻ ആയില്ല.
‘എന്താ മോളേ നീയും കരയുന്നത്..?
നീയെന്താ ഇവിടെ നില്‍ക്കുന്നത്..? നിന്റെ കെട്ടിയോന്‍ എവിടെ..?’
കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.
‘ഏട്ടനെ ഇതുവരെ കണ്ടില്ല. ഞാന്‍ ഒരുപാട് വട്ടം ഫോണില്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുന്നില്ല. കൊച്ചിനാണേല്‍ തീരെ വയ്യാ ചേച്ചി. എനിക്ക് ആണേല്‍ ആശുപത്രിയിലേക്ക് പോകേണ്ട വഴിയും അറിയില്ല. ‘
അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസില്‍ അലിവ് തോന്നി. എന്തെന്നാല്‍,, ഒരിക്കല്‍ ഞാനും ഇതേ ബസ് സ്റ്റാന്റില്‍ ഇതുപോലെ ഒറ്റപെട്ടു നിന്നിട്ടുള്ളതാണ്. ആരോരുമില്ലാതെ ഒരു അനാഥയായി. അന്നെന്നെ സഹായിക്കാന്‍ വന്നവര്‍ എന്നില്‍ കണ്ടത് എന്റെ പെണ്‍ശരീരത്തെ മാത്രമാണ്. പിന്നെ എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം വിശപ്പിന് വേണ്ടിയുള്ള വിലപേശല്‍ മാത്രം ആയിരുന്നു. എന്നെ പോലെ ആവരുത് ഇവളുടെ അവസ്ഥ.
ഈ പെണ്ണിനെ ഈ രാത്രി ഒറ്റക്ക് ഇവിടെ വിട്ടിട്ടു പോകുന്നത് ശരിയായി തോന്നുന്നില്ല എനിക്ക്. കുഞ്ഞിനെയും, ഇവളെയും ആശുപത്രിയില്‍ ആക്കിയിട്ടു പോകാന്‍ തോന്നി. ഞാന്‍ അവളോട് പറഞ്ഞു.
‘മോള് വാ.. ഞാന്‍ ആശുപത്രിയില്‍ കൊണ്ടാകാം. ഈ നേരത്ത് ഇവിടെ ഒറ്റക്ക് നിൽക്കുന്നത് ശരിയല്ല. ‘
ബാഗില്‍ ഉണ്ടായിരുന്ന കുട നിവര്‍ത്തി. അവരെയും കൂട്ടി ഞാന്‍ മുന്നോട്ട് നടന്നു.
ഞങ്ങള്‍ കുറച്ച് ദൂരം നടന്നതും ഒരു ഓട്ടോ വന്നു. ആ ഓട്ടോക്ക് ഞാന്‍ കൈകാട്ടി നിര്‍ത്തിച്ചു.
ഓട്ടോയിലേക്ക് ഞങ്ങള്‍ കേറിയിരുന്നു, എന്നിട്ട് ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു.
‘ ഗവണ്മെന്റ് ആശുപത്രി വരെ പോണം, വേഗം.. ‘
‘ശരി.. ! ‘
ഓട്ടോ വേഗത്തില്‍ ആശുപത്രിയിലേക്ക് എടുത്തു. ഓട്ടോയില്‍ ഇരുന്ന് ആ പെണ്ണ് ആരെയോ ഫോണില്‍ വിളിക്കുന്നുണ്ട്, കൂടെ കുഞ്ഞിന്റെ കരച്ചിലും. ഓട്ടോ ആശുപത്രിക്ക് മുന്നില്‍ എത്തിയതും ഓട്ടോയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്കു ഇറങ്ങി.
‘എത്രയായി..? ‘
ഓട്ടോകാരന്‍ മിറ്ററിലേക്കു നോക്കിയിട്ട് പറഞ്ഞു.
‘ഇരുന്നൂറ്റി അന്‍മ്പത് രൂപ..! ‘
ഉടനെ ആ പെണ്ണ് എന്നോട് പറഞ്ഞു..
‘ചേച്ചി.. എന്റെ കൈയില്‍ പൈസയില്ല..’
ഞാന്‍ ആ പെണ്ണിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘മോളേ.. അതെനിക്ക് അറിയാം..കാശ് ഞാന്‍ കൊടുത്തോളം.. മോള് വിഷമിക്കണ്ട.. ‘
ഓട്ടോകാരന്റെ കൈയില്‍ രൂപ കൊടുത്തിട്ട് ഞങ്ങള്‍ ആശുപത്രിയിലേക്ക് കേറി ചെന്നു. അവിടെ ഒരു നേഴ്‌സ് ഉറക്കം തൂങ്ങി ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതും ഉണര്‍ന്നു. ഞങ്ങള്‍ അവരുടെ അടുക്കലേക്ക് പോയി.
‘ സിസ്റ്റര്‍..,
ഡോക്ടര്‍ ഉണ്ടോ..? ‘
‘ഉണ്ട്..!,’
നേഴ്‌സ് ചീട്ട് എഴുതി തന്നു. ഞങ്ങള്‍ അതുമായി ഡോക്ടറുടെ മുറിയ്ക്ക് മുന്നില്‍ ചെന്നു. ആ പെണ്ണ് കുഞ്ഞിനെയും തോളില്‍ എടുത്ത് കൊണ്ട് മുറിയിലേക്ക് കേറിച്ചെന്നു, ഞാന്‍ മുറിക്ക് പുറത്ത് ഇരുന്നു. അല്‍പനേരം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് ആ പെണ്ണ് പുറത്തേക്ക് വന്നു. എന്നിട്ടവള്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു.
‘ചേച്ചി..
ഡോക്ടര്‍ പറഞ്ഞു, കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍, കുറച്ച് മരുന്നും എഴുതി തന്നിട്ടുണ്ട്. ഈ മരുന്നുകള്‍ ഇവിടെ ഇല്ലത്രെ.. പുറത്തുനിന്നും വാങ്ങണം..എന്റെ കൈയില്‍ ആണേല്‍ ഒരു പൈസയും ഒന്നും ഇല്ല. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ചേച്ചി..’
‘മോള് സങ്കടപെടാതെ.. ഞാന്‍ ഉണ്ട് കൂടെ., ഏതായാലും ഇപ്പോ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യ്. ആ ചിട്ട് ഇങ്ങുതാ. ഞാന്‍ പോയി പുറത്ത് നിന്നും മരുന്ന് വാങ്ങി കൊണ്ട് വരാം.’
അവളുടെ കൈയില്‍ നിന്നും ഞാനാ ചീട്ട് വാങ്ങിയിട്ട് ആശുപത്രിക്ക് പുറത്തേക്ക് നടന്നു. വഴിവിളക്കുകള്‍ തെളിയാത്ത റോഡിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങി. ഇരുണ്ട രാത്രികളെ എനിക്ക് സുപരിചിതമായതുകൊണ്ടാവണം ഇന്നും എന്റെ മനസില്‍ ഒരു ഭയത്തിന്റെ മൂളല്‍ പോലും ഇല്ലാത്തത്. പച്ചയായ പെണ്‍ ശരീരത്തെ തേടി എത്തുന്നവര്‍ക്ക് അവളുടെ ഉള്ളിലെ വികാരങ്ങളെ തിരിച്ചറിയാനോ, സത്യം മനസിലാക്കാനോ തയ്യാറാവില്ല. ഞാനും ഒരു പെണ്ണായി പോയി, എനിക്കും ഒരു മാതൃത്വം ഉണ്ട്.
കുറച്ച് അകലേക്ക് മാറി ഒരു മെഡിക്കല്‍ ഷോപ്പ് ഉള്ളതായി ഞാന്‍ കണ്ടു. നടന്ന് ഞാന്‍ അതിന് മുന്നില്‍ എത്തി, ഉറങ്ങി കിടന്ന കടക്കാരനെ വിളിച്ചുണര്‍ത്തി മരുന്ന് ചീട്ട് കൊടുത്തു. അയാള്‍ വേഗം തിരഞ്ഞുപിടിച്ചു മൂന്നാല് മരുന്നുകള്‍ എനിക്ക് നേരെ വച്ച് നീട്ടി, കൂടെ ബില്ലും..!
‘എത്രയായി..? ‘
‘എഴുനൂറ്റി അന്‍മ്പത് രൂപ..’
പേഴ്‌സില്‍ നിന്നും രൂപയെടുത്ത് ഞാന്‍ അയാള്‍ക്ക് കൊടുത്തു. ആ മരുന്നുകളുമായി ഞാന്‍ വേഗം ആശുപത്രിയിലേക്ക് നടന്നു. ആശുപത്രിയില്‍ എത്തിയതും ആ കുഞ്ഞിനെയും, അമ്മയെയുമാണ് ആദ്യം ഞാന്‍ തിരഞ്ഞു നടന്നത് . പിന്നെ കുട്ടികളുടെ വാര്‍ഡിലേക്കാണ് ഞാന്‍ കേറി ചെന്നത്. ഭാഗ്യത്തിന് അവിടെ ഒരു മൂലയില്‍ ആ പിഞ്ചു കുഞ്ഞിനെ കിടത്തിയിട്ട് ഉറങ്ങാതെ കട്ടിലിന്റെ അരികില്‍ കരയുന്ന ആ പെണ്ണിനെ ഞാന്‍ കണ്ടു. ഞാന്‍ ആ പെണ്ണിന്റെ അടുക്കല്‍ ചെന്ന് തോളില്‍ കൈവച്ചു വിളിച്ചു.
‘മോളേ..
കരയാതെ., കുഞ്ഞിന് ഒന്നും സംഭവിക്കില്ല..
സങ്കടപെടണ്ട..ഞാന്‍ മരുന്ന് വാങ്ങിയിട്ടുണ്ട്. ‘
‘ചേച്ചി..
എന്റെ അടുത്ത് ആരൂല്ല ചേച്ചിയല്ലാതെ സഹായത്തിന്, അതും ഈ അവസ്ഥയില്‍. എന്നെ ഒരു പരിചയവും ഇല്ലാത്ത ചേച്ചി എനിക്ക് വേണ്ടി ഈ രാത്രിയില്‍ സഹായിക്കുന്നത് കാണുമ്പോ എനിക്ക് അറിയില്ല ഇതിനൊക്കെ ഞാന്‍ എങ്ങനെ പ്രത്യുപകാരം ചെയ്യുമെന്ന്.. ‘
‘ അതൊന്നും സാരമില്ല മോളേ..
നീ പറ, നിന്റെ പേര് എന്താ..? ‘
‘നിരഞ്ജന.. !
ചേച്ചിയുടെയോ..? ‘
‘ സരയു..!
മോള്‍ടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിട്ട് എന്തായി..? എടുത്തോ..? ‘
‘ സ്വിച്ച് ഓഫാണ് ചേച്ചി.. വൈകുന്നേരം നേരത്തെ വരാം എന്ന് പറഞ്ഞതാ ഏട്ടന്‍.
ഒരുപക്ഷേ, മാസാവസാനമായകൊണ്ട്
ഏട്ടന് പണി ഒരുപാട് ഉണ്ടോന്ന് അറിയില്ല.
ഇപ്പോ ഏട്ടന്‍ കൂടെ ഇല്ലാതെ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏട്ടന്‍ എവിടെയാണെന്നോ, എന്തെടുക്കുവാന്നോ ഒരു വിവരം ഇല്ല. ‘
‘നിരഞ്ജന വിഷമിക്കാതെ..മോള്‍ടെ ഭര്‍ത്താവ് എവിടെ ആണേലും നാളെ വരും..ഈശ്വരന്‍ മോള്‍ടെ പ്രാര്‍ത്ഥന കേള്‍ക്കാതെ ഇരിക്കില്ല. ഇപ്പോ തല്കാലം മോള് ഉറങ്ങിക്കോ.. ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാം.. ‘
‘ പറ്റുന്നില്ല ചേച്ചി ഉറങ്ങാന്‍..,
ഏട്ടനും കൂടെ ഇല്ല, കുഞ്ഞിന് ആണേല്‍ തീരെ വയ്യ , ഇതിന്റെ ഇടക്ക് ഞാന്‍ എങ്ങനെ സമാധാനമായി ഉറങ്ങും..?
‘ഭര്‍ത്താവിന്റെ പേരെന്താ..?
എന്താ അയാള്‍ക്ക് ജോലി..? ‘
‘മുരളി..!
പെയിന്റിംഗ് പണിയ, കിട്ടുന്ന പണിക്ക് ഒക്കെ പോകും..’
‘വീട്ടില്‍ വേറെ ആരൂല്ലേ..?,
അച്ഛനോ, അമ്മയോ, മറ്റാരേലും..?’
‘ ആരുമില്ല ചേച്ചി.. ഞങ്ങള്‍ പ്രേമിച്ചു കല്യാണം കഴിച്ചതാ, അതുകൊണ്ട് തന്നെ ആരും സമ്മതിച്ചില്ല കല്യാണത്തിന്..’
‘ഓ.. ശരി.. മോള് ഉറങ്ങിക്കോ.. ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാം.. ‘
ആ മെത്തയില്‍ നിരഞ്ജനയെ കിടത്തിയിട്ട് ഞാന്‍ അവിടെ ഇരുന്ന കസേരയില്‍ ഇരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഒരു നേഴ്‌സ് വന്ന് എന്നോട് ചോദിച്ചു.
‘പുറത്ത് നിന്നും മരുന്നുകള്‍ വാങ്ങിയായിരുന്നോ..? ‘
‘വാങ്ങിയിരുന്നു.. ‘
ഞാന്‍ കൊണ്ട് വന്ന മരുന്നുകള്‍ നോക്കിട്ട്, അവര്‍ കുഞ്ഞിന് ഒരു ചെറിയ കുത്തിവെപ്പ് എടുത്തു. ചിണുങ്ങി കരയാന്‍ തുടങ്ങിയ കുഞ്ഞിനെ തോളില്‍ എടുത്തോണ്ട് ആ വാര്‍ഡിലൂടെ നടന്നു. ഈ നിമിഷം ഞാനും ഒരമ്മയായ പോലെ തോന്നി തുടങ്ങി. അപ്പോഴേക്കും നിരഞ്ജന ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോയിരുന്നു. നേഴ്‌സ് എന്നോട് ചോദിച്ചു.
‘നിങ്ങള്‍ കുഞ്ഞിന്റെ ആരാണ്..? ‘
‘ഞാനോ.. ഞാന്‍ ആരുമല്ല..
രാത്രിയില്‍ ബസ് സ്റ്റാന്റില്‍ ഈ പെണ്ണിനെയും, കൈകുഞ്ഞിനെയും ഒറ്റയ്ക്ക് കണ്ടതാ, ആരോരുമില്ലാതെ. സഹായത്തിന് വിളിച്ചപ്പോള്‍ കൂടെ വന്നതാ സിസ്റ്ററെ ..’
ആ നേഴ്‌സ് എന്നെ നോക്കി ചിരിച്ചിട്ട് പോയി. കുറച്ച് നേരം ഞാന്‍ ഉറക്കമളച്ചു ഇരുന്നെങ്കിലും എപ്പോളോ ഞാനും ആ കസേരയില്‍ ഇരുന്നൊന്ന് മയങ്ങി. പതിവുപോലെ എന്റെ ഫോണില്‍ രാവിലെ അലാറം അടിച്ചു. ഞാന്‍ ഉണര്‍ന്നു ഫോണില്‍ നോക്കി,
7 മണി..!
ഞാന്‍ കണ്ണ് തിരുമ്മി നോക്കിയതും നിരഞ്ജന ഇതുവരെ എഴുന്നേറ്റില്ല. ഞാനൊന്ന് ഫ്രഷ് ആയിട്ട് വന്നു. എന്നിട്ട് ഞാന്‍ നിരഞ്ജനയെ തോളില്‍ തട്ടി വിളിച്ചു.
‘ മോളേ.. നിരഞ്ജനെ.. എഴുന്നേല്‍ക്ക്..’
ചാടി ഉറക്കമുണര്‍ന്നു നിരഞ്ജന എന്നോട് ചോദിച്ചു.
‘ചേച്ചി.. എന്റെ കുഞ്ഞ്..!
എന്റെ കുഞ്ഞിന് ഇപ്പോ എങ്ങനെ ഉണ്ട്..? ‘
‘ നിന്റെ കുഞ്ഞിന് നല്ല കുറവുണ്ട്,
പേടിക്കണ്ട..മോള് പോയി ആദ്യം ഫ്രഷ് ആയിട്ട് വാ..’
‘ശരി ചേച്ചി..,
ഞാന്‍ ഇപ്പോ വരാം..’
നേഴ്‌സും, ഡോക്ടറും വാര്‍ഡിലേക്ക് വന്നു, അവര്‍ എന്റെ പക്കല്‍ വന്നിട്ട് ചോദിച്ചു.
‘കുട്ടിക്ക് ഇപ്പോ എങ്ങനെ ഉണ്ട് ചേച്ചി..? ‘
‘ഇന്നലെ ഉള്ളതിനേക്കാള്‍ ചൂട് കുറവുണ്ട് ഡോക്ടര്‍ ..’
കുഞ്ഞിനെ പരിശോധിച്ച് നോക്കിയിട്ട് ഡോക്ടര്‍ എന്നോട് പറഞ്ഞു.
‘കുഞ്ഞിനെ ഉച്ചക്ക് ഡിസ്ചാര്‍ജ് ചെയ്‌തോ.. കുറവുണ്ട്.. എഴുതി തന്ന മരുന്ന് കറക്റ്റ് ആയിട്ട് കൊടുത്തേക്കണം.. ‘
‘ശരി ഡോക്ടര്‍..! ‘
‘കുഞ്ഞിന്റെ അമ്മ എവിടെ..? നിങ്ങള്‍ ആരാ കുഞ്ഞിന്റെ..? ‘
‘ കുഞ്ഞിന്റെ അമ്മ ഇപ്പോ വരും, പുറത്ത് പോയേക്കുവാ.. ഞാന്‍ കുഞ്ഞിന്റെ പേരമ്മ ആണ് ഡോക്ടര്‍.. ‘
ആ മറുപടി കേട്ടു സിസ്റ്റര്‍ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോയി. കുറച്ച് നേരം കഴിഞ്ഞ് നിരഞ്ജന എന്റെ അടുത്തേക്ക് വന്നു.
‘മോളേ.. ഡോക്ടര്‍ ഇപ്പോ വന്നിരുന്നു. ‘
‘ആണോ.. എന്ത് പറഞ്ഞു ചേച്ചി..? ‘
‘ഡിസ്ചാര്‍ജ് ആക്കിക്കോളാന്‍ പറഞ്ഞു.. മോള് ഭര്‍ത്താവിനെ ഒന്ന് വിളിക്ക്.. ‘
അപ്പോളേക്കും നിരഞ്ജനയുടെ ഫോണില്‍ ഒരു കോള്‍ വന്നു. നിരഞ്ജന വേഗം ഏതെടുത്തു നോക്കി.
‘ചേച്ചി.. ഏട്ടനാ വിളിക്കുന്നത്.. ‘
‘ഫോണ്‍ എടുക്ക് മോളേ.. ‘
അവള്‍ ദേഷ്യവും, സങ്കടവും സഹിക്കാന്‍ വയ്യാതെ ആ ഫോണ്‍ എടുത്തു സംസാരിച്ചു.
‘ഹലോ ഏട്ടാ..!’
‘ഹലോ..!’
‘ഏട്ടന്‍ എവിടെയാ പോയത്..? എത്ര വട്ടം ഞാന്‍ ഫോണില്‍ വിളിച്ചു.. എന്താ ഒരു മറുപടിയും ഇല്ലാത്തത്..? ‘
‘അത് പിന്നെ..
നിരഞ്ജനെ… ഞാന്‍.., എനിക്ക് ഇന്നലെ കുറച്ച് കൂടുതല്‍ ജോലി ഉണ്ടായിരുന്നു, മാത്രല്ല ഫോണ്‍ ചാര്‍ജ് ഇല്ലാതെ ഓഫ് ആയും പോയി. അതാ നീ വിളിച്ചിട്ട് എടുക്കാന്‍ ആവാത്തത്.
നീ ഇപ്പോ എവിടാ..? ‘
‘ ഞാന്‍ ആശുപത്രിയില്‍. ‘
‘ അയ്യോ..,!
എടി എന്ത് പറ്റി. ? ‘
‘ നമ്മുടെ വൈഗ മോള്‍ക്ക് ഇന്നലെ പനി കൂടി.’
‘ എന്നിട്ട്..?
ഏതു ആശുപത്രിയിലാ..?
ഞാന്‍ ഇപ്പോ വരാം..! ‘
‘ഗവണ്മെന്റ് ആശുപത്രിയില്‍.. ‘
‘ ശരി, നീ ഫോണ്‍ വച്ചോ..!’
നിരഞ്ജനഫോണ്‍ വിളിച്ചു കഴിഞ്ഞു എന്നെ നോക്കി പറഞ്ഞു.
‘ ചേച്ചി..ഏട്ടനാ വിളിച്ചത്..
ഇപ്പോ വരും ആശുപത്രിയിലേക്ക്.’
‘ആണോ..?
ഞാന്‍ പറഞ്ഞതല്ലേ മോളേ ..
മോള്‍ടെ ഭര്‍ത്താവ് വരുന്ന്. വെറുതെ ഇന്നലെ മുഴുവന്‍ പേടിച്ചു നീ. ‘
‘അതോ..?
ഞാന്‍ അങ്ങനെയാ ചേച്ചി.. ഇന്നലെ മുരളിയേട്ടന് ഒരുപാട് ജോലി ആയിരുന്നത്രേ..
മാത്രല്ല ഫോണില്‍ ചാര്‍ജും ഇല്ലായിരുന്നു. ‘
‘ആണോ.. ശരി.. !’
‘ചേച്ചി എനിക്ക് ചേച്ചിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല..’
‘ നന്ദിയോ.. എനിക്ക് അതൊന്നും വേണ്ട മോളേ.. ഞാന്‍ പോയി ചായയും, കുഞ്ഞിന് വല്ലതും കഴിക്കാനും വാങ്ങി കൊണ്ട് വരാം. ‘
‘ശരി ചേച്ചി..’
ഞാന്‍ ആശുപത്രിക്ക് പുറത്തേക്കു ഇറങ്ങി നടന്നു. ഹോസ്പിറ്റല്‍ കാന്റീനിലേക്കു ആയിരുന്നു എന്റെ ലക്ഷ്യം. അവിടുന്ന് കുഞ്ഞിന് കഴിക്കാന്‍ ദോശയും, ചമ്മന്തിയും കൂടെ കുറച്ച് ചായയും വാങ്ങി. ഞാന്‍ ആശുപത്രി വാര്‍ഡിലേക്ക് നടന്നു ചെന്നു. നിരഞ്ജനയുടെ അടുത്ത് ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ അടുക്കല്‍ ചെന്നതും നിരഞ്ജന എന്നെ നോക്കി പറഞ്ഞു.
‘ ചേച്ചി.. ഇതാണ് എന്റെ ഏട്ടന്‍, മുരളി..! ‘
ഞാന്‍ നിരഞ്ജനയുടെ ഭര്‍ത്താവിനെ കണ്ട നിമിഷം തന്നെ പുരികം ചുളിചോന്ന് നോക്കി. മുരളി എന്റെ മുഖത്തേക്ക് നോക്കിയതും തലതാഴ്ത്തി. എന്റെ കൈയില്‍ ഉണ്ടായിരുന്ന ദോശയും, ചായയും മേശമേല്‍ വച്ചിട്ട് ഞാന്‍ മുരളിയുടെ നേര്‍ക്ക് തിരിഞ്ഞു. മുരളിയുടെ ചെവിക്കല്ല് തീര്‍ത്തു ഒരെണ്ണം കൊടുത്തു. എന്നിട്ട് ഞാന്‍ നിരഞ്ജനയോട് പറഞ്ഞു.
‘ മോളേ..!
ഞാന്‍ പോകുവാ.. ഇനി നിന്റെ കെട്ടിയോനോട് കുടുംബം നോക്കാന്‍ പറഞ്ഞോണം.
കെട്ടോ..?
എന്റെ പ്രാര്‍ഥന ഉണ്ടാകും എന്നും നിന്റെയും, കുഞ്ഞിന്റെയും കൂടെ.
ശരി എങ്കില്‍, ഞാന്‍ പോകുവാ ‘
ഞാന്‍ അവിടെ നിന്നും പതിയെ നടന്നു. എന്റെ വാക്കും , പ്രവര്‍ത്തിയും കണ്ട് ഞെട്ടിധരിച്ച നിരഞ്ജന മുരളിയോട് ചോദിക്കുന്നുണ്ട്.
‘ ഏട്ടാ.. ആ പുള്ളിക്കാരി എന്തിനാ ഇപ്പോ ഏട്ടനെ തല്ലിയത്..? ‘
‘ അത്.. അതുപിന്നെ.. നിന്നെ ഒറ്റക്ക് ആക്കിയിട്ട് അല്ലെ ഞാന്‍ ഇന്നലെ പോയത്. അവര്‍ക്ക് ഒരുപക്ഷേ ബുദ്ധിമുട്ട് ആയിക്കാണും, ഒരു രാത്രി മുഴുവന്‍ നിന്നെ നോക്കിയതല്ലേ. എന്നോട് അതിന്റെ ദേഷ്യം തീര്‍ത്തതാകും .. ‘
‘എന്നാലും എന്റെ ഏട്ടനെ എന്റെ കണ്‍ മുന്നില്‍ വച്ച് തല്ലണ്ട കാര്യം ഇല്ലല്ലോ അവര്‍ക്ക്..?
എന്റെ ഏട്ടനെ തല്ലാന്‍ അവര്‍ ആരാണ്..? ആരാ അവര്‍ക്ക് അതിന് അധികാരം തന്നത്..? ‘
ഞാന്‍ മുന്നോട്ട് നടന്നു നിങ്ങുമ്പോഴും പുറകില്‍ നിരഞ്ജനയുടെ ആ വാക്കുകളും, ചോദ്യങ്ങളും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു . അവള്‍ക്ക് അറിയില്ലല്ലോ കഴിഞ്ഞുപോയ ആ ഇരുണ്ട രാത്രിയില്‍ എന്റെ ഉടലിനെ ഭോഗിച്ച തന്റെ ഭര്‍ത്താവിന്റെ കാര്യവും, എന്റെ ഒരു രാത്രിയുടെ കൂലിയാണ് തന്റെ കുഞ്ഞിന്റെ ജീവന് രക്ഷയായതും.
ഇനിയും ഈ സമൂഹം നന്നാവേണ്ടതുണ്ട്. അറിഞ്ഞും, അറിയാതെയും എന്നെ പഴി പറയുമ്പോഴും എന്റെ അടുത്തേക്ക് വരുമ്പോഴും നിങ്ങള്‍ക്ക് ചതിക്കുന്നത് നിങ്ങളുടെ കുടുബത്തിനെ മാത്രമല്ല, അവരുടെ വിശ്വാസത്തെ കൂടിയാണ്. ഞാന്‍ ആരെയും എടുത്ത് പഴി പറയുന്നില്ല. ഞാനും അന്ന് നിരഞ്ജനയെ പോലെ ആയിരുന്നു ഒരു പൊട്ടി പെണ്ണ്. ഇന്നോ..? എന്റെ ഈ ജീവിതത്തിന് കാരണക്കാരന്‍ നിങ്ങള്‍ ഓരോരുത്തരും ആണ്. ഓരോ വ്യക്തികളും നന്നാവണം, കുടുംബം നോക്കണം. അതിന് ഇന്ന് മുതല്‍ തുടക്കം കുറിക്കണം. അല്ലാതെ പണ്ട് മഗ്ദലനമറിയത്തിനെ കല്ലെറിഞ്ഞതു പോലെ എന്നെ എല്ലാവരും കല്ലെറിയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്..?
Story Highlights: oru rathriyude kooli story
⚠️ Disclaimer: മീഡിയവിഷൻ ലൈവ് ഡോട്ട് ഇൻ - ഇൽ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ മീഡിയവിഷൻലൈവ് നോ, മീഡിയവിഷൻ ടീവി ക്കോ, മീഡിയവിഷൻ മാനേജ്‍മെന്റ് നോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല.
0 Comments